Social Icons

Pages

Jun 17, 2015

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-5


  ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം (പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍). മഹത്തരമായ ഈ വാക്യത്തോടെയാണ് അല്‍ഫാതിഹ എന്ന വിശുദ്ധ ഖുര്‍ആനിലെ ഒന്നാം അധ്യായം ആരംഭിക്കുന്നത്. ദൈവത്തിന്റെ ദയയെയും കാരുണ്യത്തെയും സ്മരിച്ചുകൊണ്ടും സ്തുതിച്ചുകൊണ്ടും ആരംഭിക്കുക എന്നത് സകല മതവേദഗ്രന്ഥങ്ങളുടെയും പൊതു സ്വഭാവമാകുന്നു. ഈ വിശ്രുത സ്വഭാവം വിശുദ്ധ ഖുര്‍ആനും പ്രകടിപ്പിക്കുന്നു. അതിനാലിത് ദൈവസ്മരണയോടെയും സങ്കീര്‍ത്തനത്തോടെയും ആരംഭിച്ചിരിക്കുന്ന സദ്ഗ്രന്ഥം തന്നെയാണ്. സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ മനുഷ്യന് ബോധം പകരുന്ന ഗ്രന്ഥമാണ് യഥാര്‍ഥത്തില്‍ സദ്ഗ്രന്ഥം. ഭാഷ ഏതായാലും കാലവും ദേശവും ഏതായാലും സത്യവും അസത്യവും തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന വാങ്മയമേതും സദ്ഗ്രന്ഥം എന്ന വിശേഷണത്തിന് യോഗ്യമാണെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.
'പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്ന ആദ്യത്തെ വാക്യത്തില്‍ തന്നെ എന്താണ് ദൈവ സമക്ഷത്തില്‍ നിന്ന് മനുഷ്യര്‍ പ്രതീക്ഷിക്കുന്നതെന്നും, എന്താണ് ദൈവസമക്ഷത്തില്‍ നിന്ന് മനുഷ്യന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അര്‍ഥശങ്കക്കിടമില്ലാത്തവിധം ഖുര്‍ആന്‍ സ്പഷ്ടമാക്കി തരുന്നു. ദയയും കരുണയുമാണ് സര്‍വേശ്വരനില്‍ നിന്ന് ഏതു കാലത്തെയും ഏതു ദേശത്തെയും ഭക്തജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദയയും കരുണയും തന്നെയാണ് എന്നെന്നും എല്ലായ്‌പോഴും ഭക്തര്‍ക്ക് ദൈവത്തില്‍ നിന്ന് സിദ്ധിച്ചുവരുന്നതും. അല്‍ഫാതിഹയുടെ പ്രാരംഭ വാക്യം നമ്മെ പഠിപ്പിച്ചുതരുന്ന ദൈവ നിര്‍വചനം അല്ലാഹു എന്നാല്‍ ദയാലുത്വവും കാരുണ്യവും ആണെന്നത്രേ. ദയാലുത്വവും കാരുണ്യവും ആയിരിക്കുന്ന അല്ലാഹുവിനാല്‍ ഭൂമിയിലെ മനുഷ്യര്‍ക്കിടയിലേക്ക് പ്രബോധകനായി നിയോഗിക്കപ്പെട്ട സത്യദൂതനും കാരുണ്യത്തിന്റെ പ്രവാചകനാകാതെ വയ്യ. ഹിമാലയത്തിലെ തണുപ്പാണ് ഗംഗാജലത്തിലെ തണുപ്പായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഇതുപോലെ അല്ലാഹുവിന്റെ ദയാലുത്വവും കാരുണ്യവും തന്നെയാണ് അല്ലാഹുവിന്റെ തിരുദൂതന്മാരായി ഭൂമിയില്‍ അവതീര്‍ണരായ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ള പ്രവാചക വരിഷ്ഠന്മാരുടെ കാരുണ്യപൂര്‍ണമായ ജീവിതചര്യകളിലൂടെയും മനുഷ്യലോകം അനുഭവിച്ചത്. ദൈവത്തിന് ഇല്ലാത്ത ഗുണം ദൈവത്തിന്റെ ഉത്തമ ഭക്തര്‍ക്ക് ഉണ്ടാകാനിടയില്ലെന്നു ചുരുക്കം. അല്ലാഹു കാരുണ്യവാനായതിനാലാണ് അല്ലാഹുവിനോട് ഹൃദയസന്തര്‍പ്പണം ചെയ്ത് ഉള്ളിണക്കം സിദ്ധിച്ച മുഹമ്മദ് നബിയും കാരുണ്യത്തിന്റെ പ്രവാചകനായിരിക്കുന്നത്.
ശ്രീമദ് ഭഗവദ്ഗീത ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ഉത്തമ ഭക്തന്റെ ലക്ഷണങ്ങള്‍ രണ്ട് ശ്ലോകങ്ങളില്‍ പ്രഖ്യാപനം ചെയ്തിട്ടുണ്ട്.
അദ്വേഷ്ടാ സര്‍വ ഭൂതാനാം മൈത്രഃ കരുണ ഏവ ച നിര്‍മമോ നിരഹങ്കാരോ സമദുഃഖ സുഖഃ ക്ഷമീ സന്തുഷ്ട സതതം യോഗീ യതാത്മ ദൃഢ നിശ്ചയഃ മയ്യര്‍പ്പിത മനോ ബുദ്ധിഃ യോ മദ്ഭക്തഃ സമേ പ്രിയഃ (ഗീത അധ്യായം 12- ശ്ലോകങ്ങള്‍ 13,14).
''ഒരു ജീവിയോടും ദ്വേഷമില്ലാത്തവനും, മൈത്രിയും കരുണയുമുള്ളവനും എനിക്കും എന്റേതുകള്‍ക്കും വേണ്ടി മാത്രം നിലകൊള്ളാത്തവനും-അഥവാ സ്വാര്‍ഥ രഹിതനും-അഹങ്കാരമില്ലാത്തവനും ദുഃഖാവസ്ഥയിലും സുഖവേളയിലും ഒരുപോലെ ക്ഷമയുള്ളവനും എപ്പോഴും സന്തുഷ്ട ചിത്തനായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നിശ്ചയദാര്‍ഢ്യമുള്ളവനും മനോബുദ്ധികളെ മുഴുവനും എന്നിലര്‍പ്പിച്ചിരിക്കുന്നവനുമായ ഭക്തന്‍ എനിക്കേറ്റവും പ്രിയപ്പെട്ടവനാകുന്നു''- ഇതാണ് ഭഗവദ്ഗീതാ വാക്യത്തിന്റെ താല്‍പര്യം. ഇപ്പറഞ്ഞ ലക്ഷണങ്ങളേതും അല്ലാഹുവിങ്കല്‍ സര്‍വ സമര്‍പ്പണ ചിത്തനായി ജീവിച്ച മുഹമ്മദ് നബിക്കും യോജിക്കുന്നവയാണെന്നു മത വിഭാഗീയതയാല്‍ അന്ധരാകാത്തവര്‍ക്കെല്ലാം തിരിച്ചറിയാനാകും. അതിനാല്‍ പരമ ദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിനോട് ഹൃദയം കൊണ്ട് ഐക്യദാര്‍ഢ്യം കൊള്ളാന്‍ ബാധ്യതപ്പെട്ട മനുഷ്യരുടെ കൂട്ടായ്മയായ ഇസ്‌ലാമിന്റെ മുഖ്യ സ്വഭാവം എന്നത് കാര്‍ക്കശ്യവും കഠോരതയും കാടത്തവുമല്ല. മറിച്ച്, കാരുണ്യം തന്നെയാണെന്ന് തീര്‍ത്തും പറയാം. എവിടെ കാരുണ്യമുണ്ടോ അവിടെ ഇസ്‌ലാമുണ്ട്. എവിടെ കാരുണ്യം ഇല്ലയോ അവിടെ ഇസ്‌ലാമില്ല എന്നര്‍ഥം. അതുകൊണ്ടുതന്നെ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്നത് ഇസ്‌ലാമില്‍ ആയിരിക്കുന്നവരുടെ അഥവാ കാരുണ്യത്താല്‍ അന്തരംഗം പ്രകാശിതമായിരിക്കേണ്ട മുഴുവന്‍ മനുഷ്യരുടെയും മുദ്രാവാക്യമാണ്.
ആരെയും പിടിച്ചുപറിക്കാനും കൊല്ലാനും മടിയുണ്ടാകാത്ത വിധം ഹൃദയഗുഹ കാടത്തത്താല്‍ ഇരുള്‍ മൂടിക്കഴിഞ്ഞിരുന്ന രത്‌നാകരന്‍ എന്ന കാട്ടാളനു രാമമന്ത്ര സാധനയാല്‍ കാരുണ്യ ദീപം ഹൃദയഗുഹയില്‍ പ്രകാശിതമായതോടെ ഒരു പക്ഷിക്ക് അമ്പേറ്റു നോവുന്നതുപോലും സഹിക്കാനാവാത്ത വ്യക്തിത്വം ഉണ്ടായി. അങ്ങനെയാണ് കാട്ടാളന്‍ കാരുണികനായ മഹാ കവി വാല്‍മീകി മഹര്‍ഷിയായി മാറിയത്. എവിടെ കാരുണ്യമുണ്ടോ അവിടെ ഇസ്‌ലാമുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇതു പ്രകാരം സര്‍വ ലോകങ്ങള്‍ക്കും ആനന്ദം നല്‍കുന്നവന്‍ എന്ന അര്‍ഥത്തിലുള്ള 'രാമന്‍' എന്ന ഈശ്വരനാമം ജപിച്ചതുകൊണ്ട് ഹൃദയഗുഹയില്‍ കാരുണ്യ ദീപം തെളിഞ്ഞു കത്തിയ വാല്‍മീകി മഹര്‍ഷിയിലും ഇസ്‌ലാം സംഭവിച്ചു എന്നു പറഞ്ഞാല്‍ വിശാലമായ അര്‍ഥത്തിലത് അപരാധമാവില്ല. ദേശീയ മഹാ കവി ഇഖ്ബാലിന്റെ ഒരു വാക്യം കൂടി ഈ സന്ദര്‍ഭത്തില്‍ പ്രസ്താവ്യവും ചിന്തനീയവും എന്ന നിലയില്‍ ഓര്‍മവരുന്നു: ''ഗബ്രിയേല്‍ മാലാഖയെ കൂടാതെയുള്ള പ്രവാചകനാകുന്നു കമ്യൂണിസത്തിന്റെ സ്ഥാപകന്‍.'' എന്തുകൊണ്ട് ഇസ്‌ലാംമതത്തില്‍ ആധികാരിക പരിജ്ഞാനമുണ്ടായിരുന്ന പ്രതിഭാധനനായ മഹാ കവി ഇഖ്ബാല്‍ കമ്യൂണിസത്തിന്റെ സ്ഥാപകനായ കാള്‍മാര്‍ക്‌സിനെ പ്രവാചക സ്വഭാവമുള്ള ആളായി കണക്കാക്കി? അതിനുള്ള ഉത്തരം കാള്‍മാര്‍ക്‌സില്‍ അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും നിന്ദിതരോടും പീഡിതരോടുമുള്ള കളങ്കരഹിതമായ കാരുണ്യം ഉണ്ടായിരുന്നു എന്നതാണ്. കാരുണ്യം എന്ന മഹിതഗുണം എവിടെയൊക്കെ കാണുന്നുവോ അവിടെയൊക്കെ ഇസ്‌ലാമിനെ കണ്ടെത്താന്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്ന വേദവാക്യത്തിന്റെ നേരും വേരും തൊട്ടറിയുന്ന ഏത് മുസ്‌ലിമിനും സാധിക്കുമെന്നാണ് ഇഖ്ബാല്‍ തെളിയിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഗബ്രിയേലിനെ കൂടാതെ സംഭവിച്ച പ്രവാചകനായി കമ്യൂണിസത്തിന്റെ സ്ഥാപകനെ കണ്ടെത്തി സമാദരിച്ചതെന്നാണ് ഈയുള്ളവന്‍ കരുതുന്നത്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്; ദയയും കാരുണ്യവും ഇല്ലാത്ത ഭരണാധികാരികളെ, നേതാക്കളെ, ഉദ്യോഗസ്ഥരെ, പുരോഹിതന്മാരെ, അയല്‍ക്കാരെ, ഭാര്യയെ, ഭര്‍ത്താവിനെ, മക്കളെ ഒന്നും ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. ദയയും കാരുണ്യവും ഇല്ലാത്തിടത്ത് നിന്നെല്ലാം അകന്നുപോവുക എന്നതാണ് ജീവന്റെ സ്വഭാവം. ഈ ജൈവസ്വഭാവം മനുഷ്യനും ഉണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്‍ പരമാശ്രയമായി കാണുന്ന ദൈവവും മതവും ദയയും കാരുണ്യവും നിറഞ്ഞതായിരുന്നാലേ മനുഷ്യന്‍ അതിനോട് അടുപ്പം കാണിക്കുകയുള്ളൂ. കാരുണ്യത്തെ ജീവിതത്തിന്റെ പരമധര്‍മമായി അവതരിപ്പിച്ച ബുദ്ധസന്ദേശങ്ങളിലേക്കും, ദൈവം സ്‌നേഹമാണെന്ന് ഉപദേശിച്ച ക്രിസ്തുദേവന്റെ സുവിശേഷത്തിലേക്കും, അല്ലാഹു ദയയും കരുണയുമാണെന്നുള്ള പ്രഖ്യാപനം മുദ്രാവാക്യമാക്കിയ ഇസ്‌ലാമിലേക്കും കോടിക്കണക്കിന് മനുഷ്യര്‍ ജാതി, കുലം, ഗോത്രം, ദേശം, ഭാഷ, വര്‍ണം, ലിംഗം തുടങ്ങിയ വിഭാഗീയമായ അതിരുകള്‍ ഉല്ലംഘിച്ച് ആകൃഷ്ടരായിത്തീര്‍ന്നത് കാരുണ്യം എന്ന ഉന്നതാദര്‍ശത്തിന് സിദ്ധിച്ച അംഗീകാരത്തിന്റെ സാക്ഷ്യമാണ്. ഈ നിലയില്‍ ലോകത്ത് ഏറ്റവും ബഹുഭൂരിപക്ഷ സമ്മതിയുള്ള ആദര്‍ശം കാരുണ്യം ആണെന്നു പറയാം. കാരുണ്യത്തിന്റെ ആദര്‍ശ പതാകയുമേന്തി ദിഗ്ജയത്തിനു പുറപ്പെട്ട ഏറ്റവും കര്‍മവീര്യമുള്ള പ്രസ്ഥാനം 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന ഖുര്‍ആന്‍ മന്ത്രം മുദ്രാവാക്യമാക്കിയ ഇസ്‌ലാം ആണെന്ന് പറയാം.
എപ്പോഴൊക്കെ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന മൂലമന്ത്രത്തിന്റെ അന്തഃസത്തയില്‍ നിന്ന് ഇസ്‌ലാം ആശ്ലേഷിച്ച വ്യക്തികളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇസ്‌ലാമിക ഭരണകൂടങ്ങളും അകന്നുപോവുകയും അപഭ്രംശിതരാവുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഇസ്‌ലാം അധിക്ഷേപത്തിന് പാത്രീഭവിച്ചിട്ടുണ്ട്. ഇസ്‌ലാം എന്നാല്‍ ഭീകരതയാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ട് ഇസ്‌ലാമിനെ താറടിക്കാന്‍ യൂറോപ്യന്‍ മുതലാളിത്തത്തിനും ലോകമാസകലമുള്ള അവരുടെ കിങ്കരന്മാര്‍ക്കും അവസരം ഉണ്ടായിട്ടുണ്ട്. അതിനാല്‍ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന മൂലമന്ത്രത്തില്‍ നിന്നു അണുവിട വ്യതിചലിക്കാതെ സ്വയം സൂക്ഷിക്കാനുള്ള ബാധ്യത-അഥവാ ഇസ്‌ലാം കാരുണ്യത്തിന്റെ മതമല്ലെന്ന് ചിന്തിക്കാനോ പറയാനോ ആര്‍ക്കും ഇടംകൊടുക്കാതെ ജീവിക്കാന്‍ സൂക്ഷ്മതയുള്ളവരായിരിക്കേണ്ട ബാധ്യത-മറ്റാരേക്കാള്‍ കൂടുതല്‍ ഇസ്‌ലാമില്‍ ആയിരിക്കുന്നവര്‍ക്കുണ്ട്, ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ട്, ഖുര്‍ആനെയും പ്രവാചകനെയും മറ്റെന്തിലുമുപരി മാനിക്കുന്നു എന്ന് അവകാശം കൊള്ളുന്നവര്‍ക്കുണ്ട്; ഇന്നത്തെ നിയോ കൊളോണിയല്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും. 
(തുടരും)
Here the link ---Prabodhanam
4 comments:

  1. ദയ,കാരുണ്യം.......
    ആശംസകള്‍ മാഷെ

    ReplyDelete
  2. ദയ,കാരുണ്യം..... എവിടെയുണ്ടോ അവിടെ ദൈവമുണ്ട്.....

    ReplyDelete

 
Blogger Templates