Social Icons

Pages

Jan 27, 2012

വിളി -പവിത്രന്‍ തീക്കുനിRemote -ല്‍ വിരലമര്‍ന്നു...വെറുതെ ചാനല്‍ മാറ്റിയതാണ്. ഒരു സ്വകാര്യ ടി.വി.ചാനലില്‍ ഞാനേറെ
ഇഷ്ടപ്പെടുന്ന കവികളിലൊരാള്‍ ! പവിത്രന്‍ തീക്കുനി.... ! സമകാലിക യുവ കവികളിലെ ശ്രദ്ധേയ മുഖം !
കണ്ട സന്തോഷം, കേട്ട വാക്കുകളിലെ കനലുകളില്‍ പൊള്ളിപ്പിടഞ്ഞു ........!
തീക്കുനി തന്റെ പവിത്ര ജീവിതത്തിന്റെ തീക്കനലുകള്‍ വിതറുകയാണ് .ജീവിതം പകുതിയും പറഞ്ഞു
കഴിഞ്ഞിരുന്നു .മുഴുവന്‍ അറിയാന്‍ കഴിയാത്ത വേപഥുവില്‍ അസ്വസ്ഥനായിരിക്കുമ്പോഴാണ് ബാല
മാസിക 'മലര്‍വാടി' ജനുവരി ലക്കം കിട്ടിയത്. നമുക്ക് ഈ 'വാക്കകം ' ഒന്നു തുറന്നു നോക്കാം .
_____________________________________________
             
                "കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല .
എന്നാല്‍ ഒരിക്കല്‍ പോലും കുട്ടിക്കാലത്തേക്ക് മടങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കാത്ത ഒരാളാണ് താന്‍ .
അത്രയും കണ്ണുനീര്‍ കുടിച്ചിട്ടുണ്ട് .അത്രയും വേദന സഹിച്ചിട്ടുണ്ട് .പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട് .
                  1971 കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള 'തീക്കുനി' എന്ന ഗ്രാമത്തിലാണ് എന്റെ
ജനനം.അച്ഛന്‍ കുഞ്ഞിരാമന്‍ .അമ്മ മാത .സഹോദരി ഗീത .അടുത്തു തന്നെയുള്ള ചേരാപുരം യു.പി.
സ്കൂളിലായിരുന്നു ഒന്ന് മുതല്‍ ഏഴ് വരെയുള്ള പഠനം .എട്ട് മുതല്‍ പത്ത് വരെ വട്ടോളി നേഷണല്‍
ഹൈസ്കൂളില്‍ .പി.ഡി.സി.ക്ക് അതായത്‌ ഇന്നത്തെ പ്ലസ് ടു വിന് മൊകേരി ഗവ:കോളേജില്‍ .ബി.എ
പഠനം പൂര്‍ത്തിയാക്കിയിട്ടില്ല .

                 കല്ലുവെട്ട് ,തെങ്ങ് കയറ്റം ,ഹോട്ടല്‍ പണി ,പാരലല്‍ കോളേജ് അദ്ധ്യാപകന്‍ ,മീന്‍ കച്ചവടം
മുടി വെട്ട് ,കേബിള്‍ കുഴിയെടുക്കള്‍ ,തേപ്പുപണി ,വാര്‍ക്കപണി ,ചുമട്ടുകാരന്‍ .....അങ്ങനെ ജീവിതത്തില്‍
എത്രയോ വേഷങ്ങള്‍ കെട്ടി .ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുന്നു .
   
                 മുറിവുകളുടെ വസന്തം ,രക്തകാണ്ഡം ,കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ ,വീട്ടിലേക്കുള്ള വഴികള്‍ ,
തീക്കുനി കവിതകള്‍ എന്നിങ്ങനെയായി 14 പുസ്തകങ്ങള്‍ എഴുതി .ഏറ്റവും ഒടുവിലെഴുതിയത് കുട്ടികള്‍ക്കു
വേണ്ടിയുള്ള 'രണ്ടായതെങ്ങനെ 'എന്ന ബാല സാഹിത്യം .

                  കേരളസാഹിത്യഅക്കാദമിയുടെ 'കനകശ്രീ 'അവാര്‍ഡ്‌ ,ആശാന്‍ പ്രൈസ് ,ഇടശ്ശേരി അവാര്‍ഡ്‌,
ഇന്ത്യന്‍ ജെ.സി.സി.അവാര്‍ഡ് തുടങ്ങി പതിമൂന്നോളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .
         
                                        അച്ഛന്‍
                                          _____
അച്ഛന്റെ കൈവിരലുകളില്‍ തൂങ്ങി നടക്കാന്‍ സാധിച്ചിട്ടില്ല .ഒരു നല്ല തല്ല് കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ........
എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ തെരുവിലായിരുന്നു .ഭ്രാന്തായിരുന്നു .തീക്കുനി അങ്ങാടിയിലെ
ഒരു കടത്തിണ്ണയിലാരുന്നു ഇരിപ്പും കിടപ്പുമെല്ലാം .........

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം അച്ഛന്‍ കൂടെ വിളിച്ചു .ഞാന്‍ പോയി .അച്ഛനോടൊപ്പം
ഏറേ ദൂരം നടന്നു .തണ്ണീര്‍പന്തല്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുള നാരായണന്‍ മാഷ്‌ക്ക്
മൂന്നു രൂപക്ക് എന്നെ വിറ്റു.മാഷ്‌ എന്നെ വീട്ടിലെത്തിച്ചു .അച്ഛന്‍ ഇന്ന് ഏതോ അനാഥാലയത്തിലാണ് .
കണ്ടിട്ട് മൂന്നു വര്‍ഷമായി ............

1982-ല്‍ നാടുവിട്ട് കണ്ണൂരിലെത്തി .അവിടെ ഒരു ചെറിയ ഹോട്ടലില്‍ ജോലി കിട്ടി .പാത്രം കഴുകലും മേശ
വൃത്തിയാക്കലും .............
കിട്ടുന്ന സമയങ്ങളിലെല്ലാം പുസ്തകങ്ങള്‍ വായിച്ചു .അയ്യപ്പനും ചുള്ളിക്കാടും സച്ചിദാനന്ദനും കുരീപ്പുഴയും
മനസ്സിന്റെ കൂട്ടുകാരായി .
ജീവിതം വല്ലാതെ വേദനിപ്പിച്ചപ്പോള്‍ കവിത എഴുതിത്തുടങ്ങി .ഇന്ന് എന്റെ കവിത യൂണിവേര്‍സിറ്റിയില്‍
പഠിക്കാനുണ്ട് .ഒരു പാട് വേദനകള്‍ തന്ന ജീവിതത്തോടും കാലത്തോടും നന്ദി പറയുന്നു .
         (ഇത്രയും 'മലര്‍ വാടി'യില്‍ നിന്നും പകര്‍ത്തി ചുരുക്കിക്കുറിച്ചത് . 'മലര്‍വാടി'യോട് കടപ്പാട് )
____________________
ചാനലില്‍ നിന്നും കേട്ട അദ്ധേഹത്തിന്റെ വാക്കുകളിലെ ,മനസ്സില്‍ തറച്ച ഒരു സംഭവം കൂടി ...പൊറുതി
മുട്ടുകള്‍  സഹന സീമകളും കൈവിട്ട ഒരവസരത്തില്‍ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി റെയില്‍
പാളത്തില്‍ തലവെച്ചു ആത്മാഹുതിയുടെ തീവണ്ടി ചൂളവും കാത്തു കിടക്കവേ ,മൂത്ത മകള്‍ ദാഹിക്കുന്നു
വെന്നു പറഞ്ഞു .കുട്ടിക്ക് വെള്ളമന്വേഷിച്ച് റയില്‍വെ സ്റ്റേഷനിലേക്ക് എഴുന്നേറ്റ്‌ നടന്നു ....
അങ്ങിനെ പവിത്രന്‍ തീക്കുനിയെന്ന പ്രിയപ്പെട്ട കവിയെയും കുടുംബത്തേയും മരണത്തിന് വിടാതെ
ദൈവം നമുക്ക് തിരിച്ചു തന്നു .ദൈവത്തിനു നന്ദി പറയാം .
ചരിത്രം അതിന്റെ വിശിഷ്ട പാതയില്‍ , ഉലയില്‍ കാച്ചിയെടുത്ത ഈദൃശ തങ്കത്തിളക്കങ്ങള്‍ എത്രയെത്ര !!
തീയില്‍ കുരുത്തത് എങ്ങിനെ വാടും വെയിലുകളില്‍ ?!
___ ഇതാണ് ചരിത്രം സൃഷ്ടിക്കുന്ന മഹദ്‌ വ്യക്തിത്വങ്ങളുടെ പൂര്‍വവൃത്തം.....!

                              ***        ***       ***


പവിത്രന്‍ തീക്കുനിയുടെ 'നമ്മള്‍ക്കിടയില്‍ 'എന്ന കവിതാ സമാഹാരത്തിലെ 'വിളി 'യെന്ന കവിത .

                                       
                                                   
ആരോ 
കീറിയെറിഞ്ഞൊരു 
പുഞ്ചിരി ഞാന്‍ .
ഈര്‍ച്ചവാളിന്‍ 
മൂര്‍ച്ചയിലൂടെ 
ഈ വേനല്‍ കുടിച്ചു നടക്കേ ,

ഏതോ
നിനവിന്‍ കിണറാഴത്തില്‍ 
പാതി മുറിഞ്ഞൊരു 
ചന്ദ്രക്കല പോല്‍ 
പ്രേമ,മറിഞ്ഞു,വിതുമ്പേ ,

ഉരുള്‍ പൊട്ടി ,
കുത്തിയൊലിച്ചൊരു വാക്കി -
ലടിഞ്ഞു ,മുടിഞ്ഞു ,
കുരുങ്ങി ,യഴിഞ്ഞു  -
കിടപ്പീ ജീവിതമെന്നോര്‍ത്തു
നടുങ്ങേ,
കൂട്ടം തെറ്റിയ വളവില്‍ നിന്നും 
"പോരൂ ..."
മറ്റൊരു ലോകം കാട്ടി 
വിളിച്ചു നീ ....
     **********
         (ഫോട്ടോ -കടപ്പാട് :ഗൂഗിള്‍ )
     *************************

അച്ചാര്‍
 *******
ഉപ്പിനും ,
എണ്ണയ്ക്കും ,
മുളകിനും,
വിനാഗിരിക്കും ,
അവയവങ്ങള്‍
ഓരോന്നായി
വഴങ്ങിത്തുടങ്ങി .

കണ്ണിനായിരുന്നു
രുചി കൂടുതല്‍ ,
ഒട്ടും പിറകിലല്ല ,
ചെവിയും മൂക്കും .

ഇത്തിരി
ചവര്‍പ്പു തോന്നിയത്
വിരലിനും ,
ജനനേന്ദ്രിയത്തിനും.

പ്രതിഷേധിച്ചെങ്കിലും,
ക്രമേണ ,
സന്ധികളും നട്ടെല്ലും
പൊടിഞ്ഞുമലിഞ്ഞും
പൊരുത്തപ്പെട്ടു.

പക്ഷേ,
നാവ് മാത്രം
നാവായി തന്നെ ,
ഇപ്പോഴും .....
    *****
(നമ്മള്‍ക്കിടയില്‍ -Page 59 )
______________________________________

         മതില്‍
        *****
നിന്റെ വീടിന്
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല.
ഒരിക്കല്‍ പോലും
അവിടുത്തേക്ക്
എത്തിനോക്കിയിട്ടില്ല .
നിന്റെ തൊടിയിലോ .മുറ്റത്തോ
വന്നെന്റെ കുട്ടികള്‍ ഒന്നും നശിപ്പിച്ചിട്ടില്ല .

ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും.
ചോദ്യം ചെയ്തിട്ടില്ല ,
നിന്റെ വിശ്വാസത്തെ ,
തിരക്കിയിട്ടില്ല ,
നിന്റെ കൊടിയുടെ നിറം .

ഉണ്ടായിട്ടില്ല
നിനക്കസൗകര്യമാകുംവിധം
ഒരു വഴക്കു പോലും .
അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും,
ചോദിച്ചിട്ടില്ല, നിന്നോട് കടം.

നിന്റെ ഉയര്‍ച്ചയിലും പ്രശസ്തിയിലും
എന്നുമെനിക്കഭിമാനമായിരുന്നു.
എന്നിട്ടും ,
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ -
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്
ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്....?
   ************
(വീട്ടിലേക്കുള്ള വഴികള്‍ - Page 63 )

                    *****      *****                            

65 comments:

 1. സാര്‍ഥകമായൊരു ദൌത്യമാണ് മാഷ് നിര്‍വ്വഹിച്ചത്!
  ശ്രീ.പവിത്രന്‍ തീക്കുനിയെ പരിചയപ്പെടുത്തിയത്
  ഏറ്റവും ഉചിതമായി.ഒരു ഗുരുവിന്‍റെമനസ്സുള്ളവര്‍ക്കേ
  ചാരിതാര്‍ഥ്യത്തോടെ ഇതൊക്കെ ചെയ്യാന്‍കഴിയുള്ളൂ.
  പവിത്രന്‍ തീക്കുനിയെ പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍
  ബഹുമാനവും,അഭിമാനവും തോന്നി.അഭിനന്ദനങ്ങള്‍//.//./,
  "കൂട്ടം തെറ്റിയ വളവില്‍ നിന്നും
  "പോരൂ..."
  മറ്റൊരു ലോകം കാട്ടി
  വിളിച്ചു നീ"
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 2. പവിത്രന്‍ തീക്കുനിയെ പരിചയപ്പെടുത്താനുള്ള മാഷിന്റെ ഉദ്യമം അഭിനന്ദനീയം.
  വ്യവസ്ഥിതിയുടെ ജാടകളോട് സന്ധി ചെയ്യാനറിയാത്ത ഈ കവിയെപ്പറ്റി ഇപ്പോഴും പലരും അജ്ഞരാണ്. പവിത്രനോടും മാഷിനോടുമുള്ള ആദരവായി ഞാനിത് നമ്മുടെ ഗ്രൂപ്പില്‍ പരിചയപ്പെടുത്തുന്നു.

  ReplyDelete
  Replies
  1. നന്ദി,പ്രിയ സുഹൃത്തേ...

   Delete
 3. തിക്കുനിയുടെ തീപിടിച്ച ജീവിതം വളരെ മുന്‍പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ചിട്ടുണ്ട് ..ഈ പരിചയപ്പെടുത്തലും പ്രയോജനപ്രദമായി ..

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ,മാധ്യമം ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിക്കാറുണ്ട്.തീക്കുനിയുടെ ജീവിതം അദ്ധേഹത്തിന്റെ "വീട്ടിലേക്കുള്ള വഴികള്‍ "എന്ന കവിതാസമാഹാരത്തിലുണ്ട്.

   Delete
 4. ഈ പരിചയപ്പെടുത്തല്‍ നനായി...

  ReplyDelete
 5. കൂട്ടം തെറ്റിയ വളവില്‍ നിന്നും
  "പോരൂ ..."
  മറ്റൊരു ലോകം കാട്ടി
  വിളിച്ചു നീ ....

  തീക്കുനി ..തീ പാറും വാക്കുകള്‍ക്ക് നന്ദി

  ReplyDelete
 6. തീക്കുഴിയില്‍ നിന്നുയിര്‍ത്ത തീക്കുനി ,,മുഹമ്മദ്‌ കുട്ടി മാഷക്ക് അഭിവാദ്യങ്ങള്‍ ,,,

  ReplyDelete
 7. ശരിക്കും തീയില്‍ കുരുത്തത്. ഈ പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 8. ഈ പരിചയപ്പെടുത്തല്‍ പുതുമയുള്ളതായി.അഭിനന്ദനങ്ങള്‍

  ReplyDelete
 9. ശരിക്കും വേദനിക്കുന്ന ബാല്യം തന്നെ ..നന്ദി ഇങ്ങനെ ഒരാളെ അറിയാന്‍ കഴിഞ്ഞതില്‍..... ....കവിതകള്‍ ഇനിയും പരിചയപ്പെടുത്തുമല്ലോ?

  ReplyDelete
 10. പരിചയപ്പെടുത്തലിനു നന്ദി. ഒരു വിഷമമേയുള്ളൂ. കുറച്ചു കൂടി കവിതകൾ ചേർക്കാമായിരുന്നു..
  ആശംസകൾ.

  ReplyDelete
 11. നന്ദി ,പ്രിയ സുഹൃത്തേ.താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.തീര്‍ച്ചയായും രണ്ടു ദിവസത്തിനകം തീക്കുനിയുടെ കുറച്ചു കൂടി കവിതകള്‍ ഇവിടെ പോസ്റ്റു ചെയ്യാം.

  ReplyDelete
 12. നന്നായി മാഷെ, പവിത്രൻ കൂടുതൽ അപരിചിതനാകുന്നത് സ്വന്തം നാട്ടിൽ തന്നെയാണ്.ഉദ്യമത്തിന് നന്ദി. സ്നേഹാദരങ്ങളോടെ (ദയവ് ചെയ്തു വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കുക)

  ReplyDelete
 13. നന്നായിട്ടുണ്ട് ഈ പരിചയപെടുത്തല്‍...
  ഇദ്ദേഹത്തിന്റെ കവിതകള്‍ക്കായി ഒരു ബ്ലോഗ്ഗ് മുന്‍പ് എവിടെയോ കണ്ടതോര്‍ക്കുന്നു... അത് ഇദ്ദേഹതിന്റെയാണോ എന്നും സംശയമുണ്ട്‌... (സംശയം മാത്രം, എനിക്ക് തെറ്റിയെങ്കില്‍ സദയംക്ഷമിക്കുക..)

  സ്നേഹാശംസകള്‍...

  ReplyDelete
  Replies
  1. അറിയില്ലല്ലോ പ്രിയ സുഹൃത്തേ...ആ ബ്ലോഗ് കണ്ടിരുന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു .നന്ദി.ശ്രദ്ധയില്‍ വന്നാല്‍ അറിയിക്കണേ...

   Delete
 14. എനിക്കും ഏറെ ഇഷ്ട്ടപ്പെട്ട കവിയാണ് ..തീക്കുനി ,അദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്തിയതിയ ആ നല്ല മനസ്സിന് നന്ദി

  ReplyDelete
 15. പവിത്രന്‍ എന്‍റെയും ഇഷ്ട കവിയാണ്.

  ReplyDelete
 16. നന്നായി വളരെ വളരെ നന്നായി ,

  ReplyDelete
 17. വളരെ ഉപകാരപ്രദം ഈ പരിചയപ്പെടുത്തല്‍.., നന്ദി . എന്തേ വേര്‍ഡ് വാരിഫിക്കേഷന്‍?

  ReplyDelete
 18. ഓരോ തീക്ഷണ ജീവിതത്തിലും ഓരോകലകാരന്‍ ഉണ്ട് പക്ഷെ പലരെയും നമുക്ക് കാണാന്‍ കയിയുന്നില്ല എന്നതാണ് സത്യം നല്ല വിശദമായ പരിജയപെടുത്തലിനു നന്ദി maashe

  ReplyDelete
 19. അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും ഉരുക്കിയേടുത്ത കവിതകളുടെ ഈ അകം പൊരുളീനെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി.....

  ReplyDelete
 20. ശ്രീ.പവിത്രന്‍ തീക്കുനിയെ പരിചയപ്പെടുത്തിയത്
  അഭിനന്ദനീയം. നന്ദി.

  ReplyDelete
 21. ബ്ലോഗര്‍ ധന്യമഹേന്ദ്രന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനവേളയില്‍ കവിയോടൊപ്പം വേദി പങ്കിടുവാനും മുളന്തുരുത്തിയില്‍ നിന്നും തിരികെ എറണാകുളം വരെ ഒരുമിച്ച് യാത്രചെയ്യുവാനും സാധിച്ചിരുന്നു. ഇത്രയേറെ സിമ്പിളായ ഒരു മനുഷ്യനെ അത് വരെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.

  ReplyDelete
 22. തീക്കുനിയെ അടുത്തു കാണാനും സംസാരിക്കാനും ,ആത്മഹതയുടെ പാളങ്ങളില്‍ നിന്നും കവിതയിലേക്ക് നടന്നു കേറിയ ജീവിത അനുഭവ കവിത കേള്‍ക്കുവാനും ഉള്ള ഭാഗ്യമെനിക്ക് 2008 ഇല്‍ ബാങ്ക്ലൂരില്‍ വച്ച് സര്‍ഗധാര നടത്തിയ സെമിനാറില്‍ വച്ച് കഴിഞ്ഞു .എരിപ്പിടത്തു നന്ദി ഇങ്ങിനെ ഒരു പോസ്റ്റ്‌ വായിക്കുവാന്‍ അവസരം തന്നതിലും ഈ പോസ്റ്റ്‌ എഴുതിയ മോഹമ്മേദ്‌ കുട്ടി ഇരിമ്പിളിയത്തിന് ആശംസകള്‍

  ReplyDelete
 23. നന്ദി മുഹമ്മദ് കുട്ടി മാഷെ, പവിത്രൻ തീക്കുനിയെപ്പറ്റിയുള്ള ഈ പോസ്റ്റിന് പ്രത്യേകം നന്ദി.

  ReplyDelete
 24. നാലക്ഷരമെഴുതി പേരെടുക്കുന്ന പല എഴുത്തുകാരും ജാഡയുടെ പരകോടിയിലെത്തി വായനക്കാരന്റെ വന്‍കുടല്‍ നശിപ്പിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ തീക്കുനിയുടെ വരികള്‍ വ്യത്യസ്തമാണ്.

  പാവപ്പെട്ട ബ്ലോഗര്‍മാരുടെ 'കക്കൂസ് സാഹിത്യ'ത്തിലേക്ക് തീക്കുനിയേയും സ്വാഗതം ചെയ്യുന്നു.

  ReplyDelete
 25. പവിത്രന്‍ തീക്കുനിയെ ക്കുറിച്ച് എന്റെ ടീച്ചര്‍ എനിക്കൊരുപാട് പറഞ്ഞു തന്നിട്ടുണ്ട്..
  ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടതില്‍ സന്തോഷമുണ്ട്..
  തീക്കവിതകളാണ് അദ്ദേഹത്തിന്റേത്..

  ReplyDelete
 26. പവിത്രന്‍ തീക്കുനിയുടെ..ചില കവിതകളെ മുന്‍പ് വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു...
  പക്ഷെ..കരിയും,പുകയും,പിടിച്ച അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ചറിയുന്നത്..ഇപ്പോഴാണ്‌...
  മാഷിന്റെ ഉദ്ദ്യമം നന്നായി...അഭിവാദ്യങ്ങള്‍...

  ReplyDelete
 27. ഞെട്ടിപ്പിച്ച പരിചയപ്പെടുത്തല്‍

  ReplyDelete
 28. അവിചാരിതമായി ഫെയ്സ്ബുക്കില്‍ കണ്ട ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്താണിവിടെയെത്തിയത്.. ഇവിടെ വന്നപ്പോള്‍ എന്റെ പ്രിയ കവി പവിത്രന്‍ തീക്കുനി. ആ തൂലികയില്‍ നിന്നിതുവരെ പകര്‍ന്നിട്ടുള്ളത് ജീവാക്ഷരങ്ങള്‍ മാത്രമാണ്. പവിത്രന്‍ തീക്കുനിയുടെ ചിത്രം കാണുവാന്‍ നിമിത്തമായതും ഈ ബ്ലോഗ് തന്നെ.. മനസ്സിലെന്നും മൂളിക്കൊണ്ട് നടക്കുന്ന തീക്കുനിയുടെ ഒരു കവിതയുണ്ട് എന്റെ മനസ്സില്‍.. “നീലിമയോട്” എന്ന കവിത; ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ അതോര്‍ക്കാതെ വയ്യ; നാലുവരി മൂ‍ളാതെയും..

  “നീലിമേ.. നീയോര്‍ക്കുന്നുവോ
  നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
  കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
  കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളൊക്കെയും

  ഉണ്ടായിരുന്നു നീ
  ചോറ്റ് പാത്രം തുറന്ന്
  വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
  പച്ചമുളകല്ലില്‍ കുത്തിചതച്ചതില്‍ പോലുമീ
  നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍”

  നീലിമയോട്

  ReplyDelete
  Replies
  1. നന്ദി,പ്രിയ സുഹൃത്തേ...ഞാന്‍ വായിച്ചു .കേട്ടു.വളരെ സന്തോഷം .

   Delete
 29. പവിത്ര കവിതകള്‍ ഏറെ വായിച്ചിരിക്കുന്നു,കഥകളും,പക്ഷെ ഇത്തരം വ്യക്തിത്വങ്ങളെ പ്രോത്സാഹിപ്പി ക്കുകയും തുണയ്ക്കുക യും ചെയ്യുമ്പോള്‍ നാം സ്വയം മഹത് വല്‍ക്കരിക്ക പ്പെടുന്നു.ഈ നിലക്ക് മുഹമ്മദ്‌ മാഷ്‌
  ചെയ്യുന്ന നന്മ ശ്ലാഘനീയമാണ് .ആത്മാര്‍ത്ഥ മായ അഭിനന്ദനങ്ങള്‍.

  ReplyDelete
 30. പവിത്രൻ തീക്കുനി തീകൊണ്ടെഴുതുന്നു എന്നെഴുതിയതാരാണ്? പേരോർമ്മയില്ല.
  നന്ദി, വെളിച്ചത്തിൽ ജീവിക്കുന്ന ഈ തീക്കവിയെ അവതരിപ്പിച്ചതിന്

  ReplyDelete
 31. നോവ്‌
  ഭൂമിയെ
  നോവിച്ചു ഞാന്‍ കല്ലുവെട്ടുകാരനായി.
  ഇരയെ
  നോവിച്ചു ഞാന്‍ മീന്പിടുതക്കാരനുമായി .
  പിന്നെ
  നിന്നെ നോവിച്ചു ഞാന്‍
  കാമുകനായി .
  ഇന്ന്
  എന്നെത്തന്നെ
  നോവിച്ചു നോവിച്ചു
  ഞാന്‍ കവിയുമായി

  പവിത്രന്‍ തീക്കുനി

  ReplyDelete
 32. പവിത്രന്‍ തീക്കുനിയെപ്പറ്റി മാധ്യമങ്ങളിലൂടെ കേട്ടിരുന്നെങ്കിലും
  ഇവിടെ യീ പേജുകളില്‍ ആ ആളിക്കതും മനസ്സിന്റെ വേവലാതികള്‍
  ഒരിക്കല്‍ ക്കൂടി വായിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
  കാര്യമിങ്ങനെയൊക്കെ യാണെങ്കിലും ആ കവിയുടെ തീയാലും
  കവിതകളില്‍ ഒന്ന് രണ്ടെണ്ണം കൂടി ചേര്‍ത്തിരുന്നെങ്കില്‍ എന്നോര്‍തുപോയി
  കവിയെപ്പറ്റി കൂടുതല്‍ കേള്‍ക്കാനും ആഗ്രഹിക്കുന്നു
  കുറി പ്പ് ചേര്‍ത്തതില്‍ നന്ദി
  ഇരിപ്പിടത്തില്‍ നിന്നും ഇവിടെയെത്തി
  വീണ്ടും വരാം

  ReplyDelete
  Replies
  1. നന്ദി,പ്രിയ സുഹൃത്തേ.തീര്‍ച്ചയായും ചില കവിതകള്‍ കൂടി ചേര്‍ക്കാം.

   Delete
 33. മാഷേ പരിചയപ്പെടുത്തലിന് നന്ദി, ഒരായിരം നന്ദി. ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുമ്പോൾ ഒരു മടുപ്പനുഭവപ്പെടുന്നില്ല. ആശംസകൾ.

  ReplyDelete
 34. പോക്കാചിതവളയുടെ തലച്ചോറില്‍
  വജ്ര മണി പോല്‍ അവനു കവിത .
  എന്നിട്ടും പുലയാടിചികള്‍ക്ക് അവന്‍റെ നെഞ്ചിന്‍ കൂടിന്‍റെ
  തെറിതാളംമതി .
  കഴുവേറി കൂട്ടിനു ഗുട്കയുടെ നാറുന്ന ഉന്മാദം മതി .
  പെറ്റവയറിനു ഒരു കാഞ്ഞിരപ്പലക മതി .
  ഉടപ്പിറന്നവള്‍ക്ക് ചങ്കില്‍ ചുട്ട ഇരുംബാണിമതി .
  പെണ്ണിന് ചാരായ ചിരിമതി .
  അച്ഛനൊരു തോഴിമതി .

  അവന്‍റെ കവിത ഉച്ചവെയിലിന്റെ നിദ്രാടനം
  കൊള്ളിമഞ്ഞിന്റെ ഭോഗമുദ്ര .
  നട്ടെല്ലിലെ കര്‍ക്കിടകം ...
  അവന്‍റെ കവിത തെരുവിന്റെ പുരുഷസൂക്തം .

  ReplyDelete
 35. തീക്കുനിയുടെ അനേകം കവിതകള്‍ വായിക്കുകയുണ്ടായി. എ.അയ്യപ്പന്റെ കവിതകളെപ്പോലെതന്നെ തീക്കുനിക്കവിതകളും എനിക്ക്‌ ലഹരി നല്‍കാറുണ്ട്‌. ഈ അസാമാന്യ പ്രതിഭയെ കുറേക്കൂടെ പരിചയപ്പെടുത്തി തന്നതിന്‌ മാഷോട്‌ നന്ദി.
  ഡി. സി. ബുക്ക്സ്‌ അച്ചടിച്ചിറക്കിയ 'തീക്കുനിക്കവിതകള്‍' പുസ്തകത്തിലെ 167 കവിതകളും വായിച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു അയ്യപ്പനെ കൂടി കണ്ടുകിട്ടിയതായി എനിക്കു തോന്നി.

  ReplyDelete
  Replies
  1. ഈ പുസ്തകം -തീക്കുനിക്കവിതകള്‍ - എന്റെ കയ്യിലുമുണ്ട്.അദ്ധേഹത്തിന്റെ ചില രചനകള്‍ (പുസ്തകങ്ങള്‍ )കൂടി കിട്ടാനുണ്ട്.അന്വേഷിച്ചു.കിട്ടിയിട്ടില്ല.നോക്കട്ടെ...താങ്കള്‍ക്കു നന്ദി.

   Delete
 36. ഈ പരിചയപ്പെടുത്തലിനു നന്ദി..

  ReplyDelete
 37. എന്റെ പ്രിയസുഹൃത്തുക്കള്‍ ഓരോരുത്തരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്
  ഒരുപാടൊരുപാട് നന്ദി,നന്ദി....
  ഈ അഭിപായപ്രകടനങ്ങളുടെയും അഭിനന്ദനങ്ങളുടെയും അവകാശി ശ്രീ.പവിത്രന്‍ തീക്കുനിയാണ്.അദ്ധേഹത്തോടുള്ള കടപ്പാടുകളോടെ,
  സസ്നേഹം

  ReplyDelete
 38. മാഷേ , പരിചയ പെടുതലിനു നന്ദി....

  ReplyDelete
 39. പ്രിയ സുഹൃത്തിനു ഹൃദയപൂര്‍വം നന്ദി.

  ReplyDelete
 40. "അച്ഛന്റെ കൈവിരലുകളില്‍ തൂങ്ങി നടക്കാന്‍ സാധിച്ചിട്ടില്ല .ഒരു നല്ല തല്ല് കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ........
  എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ തെരുവിലായിരുന്നു .ഭ്രാന്തായിരുന്നു .തീക്കുനി അങ്ങാടിയിലെ
  ഒരു കടത്തിണ്ണയിലാരുന്നു ഇരിപ്പും കിടപ്പുമെല്ലാം .........

  മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം അച്ഛന്‍ കൂടെ വിളിച്ചു .ഞാന്‍ പോയി .അച്ഛനോടൊപ്പം
  ഏറേ ദൂരം നടന്നു .തണ്ണീര്‍പന്തല്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുള നാരായണന്‍ മാഷ്‌ക്ക്
  മൂന്നു രൂപക്ക് എന്നെ വിറ്റു."

  ഓഹ്!!!!

  ReplyDelete
 41. തിക്കുനിയുടെ തീപിടിച്ച ജീവിതം വളരെ മുന്‍പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ചിട്ടുണ്ട് .അടുത്ത നാട്ടുക്കാരന്‍ ആണെങ്കിലും ഇവിടെ ഈ പരിചയപ്പെടുത്തലും കൂടുതല്‍ അറിയാന്‍ കയിഞ്ഞു നന്ദി..

  ReplyDelete
 42. ഞാനിങ്ങ്‌ എത്തിപ്പെടാൻ വളരെ വൈകി..
  കൂടുതൽ അടുക്കുന്തോറും അറിയുന്നു ഞാൻ ഇനിയും എത്രയോ ദൂരം എത്തണ്ടേരിക്കുന്നു എന്ന്..
  ഒരുപാട്‌ നന്ദി ഇക്കാ..
  ശുഭരാത്രി..!

  ReplyDelete
 43. തികച്ചും വ്യതസ്തമായ ഒരു ജീവിത പഷചാത്തലം ,നന്ദി മാഷേ ഈ പരിചയപ്പെടുത്തലിനു .

  ReplyDelete
 44. തീക്കുനിയെപ്പറ്റി, അദ്ദേഹത്തിന്റെ ജീവതത്തെപ്പറ്റി മുമ്പ് പല പത്രങ്ങളില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും ഇത് അതെക്കാളൊക്കെ അപ്പുറമായി പരിചയപ്പെടുത്തുന്നു കവിയെ.

  ആശംസകള്‍

  ReplyDelete
 45. ഇത്നുമുന്പാരെയുമിങ്ങനെ പോള്ളിയറിഞ്ഞിട്ടില്ല..തീകുനിക്ക് നമസ്കാരം .മാഷിനു സലാം..
  (സുഖാണോ മാഷേ കുറെയായി ഇവിടെ വന്നിട്ട്)

  ReplyDelete
 46. Parichayappeduthiyathil orupaadu nandiyundu suhruthe.....

  ReplyDelete
 47. Parichayappeduthiyathil orupaadu nandiyundu suhruthe.....

  ReplyDelete
 48. ഒരുപാടിഷ്ടപ്പെട്ട കവിയെ ഇത്രയടുത്ത് പരിചയപ്പെടുന്നതിതാദ്യം. നന്ദി മാഷേ.

  വാക്കുകള്‍കൊണ്ടു ഞാന്‍
  തീര്‍ക്കുന്ന വീടിന്റെ
  താക്കോല്‍ നിനക്കേകി
  ഞാന്‍ മറയും
  ഞാനതിന്‍ മുറ്റത്ത്‌
  നട്ടിട്ടുപോകുന്ന ഭ്രാന്തിനെ
  പൂവരുവോളം നീ
  കാത്തിടേണം

  ReplyDelete
 49. ശ്രീ.പവിത്രന്‍ തീക്കുനിയെ പരിചയപ്പെടുത്തിയത്
  അഭിനന്ദനീയം. നന്ദി.

  ReplyDelete
 50. കവിയെ പരിചയപ്പെട്ടിടുണ്ട്..ഇപ്പോഴാണ്‌ മാഷ്‌ എഴുത്യത് കണ്ടത്..നന്നായി,,,തീകുനി കവിതകള്‍ എല്ലാവരും വായിക്കട്ടെ...നന്ദി

  ReplyDelete
 51. എല്ലാവര്‍ക്കും വിനയപൂര്‍വ്വം നന്ദി ....നന്ദി !

  ReplyDelete
 52. ആളൊരു സംഭവം തന്നെ... നന്നായി മാഷെ.

  ReplyDelete

 
Blogger Templates